2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

അശ്വത്ഥാമാവിന്റെ വിചാരങ്ങൾ

ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി ഒരിയ്ക്കലും ഉണങ്ങാത്ത വ്രണശാപവുമായി യുഗങ്ങൾ താണ്ടുന്നു.അപമാനിതവും തിരസ്കൃതവുമായ ബാല്യത്തിന്നുടമയായ അശ്വത്ഥാമാവിന്റെ വിചാരങ്ങളാണീ കവിത


ഇന്നും വ്രണങ്ങളിലനാദിപാപത്തിന്റെ
തീത്തൈലമിറ്റിച്ചു നില്പൂ ഞാനേകനായ്
പകയിഴഞ്ഞെൻ ജന്മചിന്തയിൽ പിണയുന്നു
പകലിരവുകൾ കർമ്മപാപം ചുമക്കുന്നു
ഇടയിലെൻ വേദനയ്ക്കുരുകുന്ന കൂട്ടുപോ-
ലിടറുന്ന ബാല്യമെന്നോർമ്മയിൽ തെളിയുന്നു


ഉണ്ണിയ്ക്കു നല്കുവാനുണ്ടോ നറുംചിരി
പൈമ്പാലു നല്കുവാനുണ്ടോ മുരുടകൾ
കണ്ണീരുറഞ്ഞൊരീ രത്നം തലച്ചോറി-
നുള്ളിലോളം കാർന്നടുക്കുന്നൊരർബുദം
എന്തെനിക്കേകുവാൻ താതാ നിൻ കണ്ണിലെ-
യുന്നം പിഴയ്ക്കാത്ത വാത്സല്യമല്ലാതെ


കത്തിനീറുന്നൊരീ വാഗസ്ത്രവേഗങ്ങൾ
കൊത്തിയറുത്തെന്റെ ശൈശവചിന്തകൾ
പൈമ്പാലരിമാവു കാച്ചിയ വെള്ളമാം
പഴഞ്ചോറരഞ്ഞ തലച്ചോറു മാത്രമാം
താരാട്ടുപാട്ടുകൾ കോർത്തുപൊരിയ്ക്കുമെൻ
നോവിന്നുരിഞ്ഞ പുറംതൊലി മാത്രമാം
രാജപുത്രർക്കു ചൂഴ്ന്നെടുത്തീടുവാൻ
ജാരപുത്രർക്കു മിഴികളനേകമാം
ചോരകുടിയ്ക്കാൻ രണങ്ങളനേകമാം
ചാരമൂട്ടാൻ പിളർവായ്കളനേകമാം


ഉന്മാദവേഗത്തിലുറയുന്നു വാക്കുകൾ
ഉന്നിദ്രമാകുന്നു ബ്രഹ്മാസ്ത്രരാശികൾ
അറ്റുപോമച്ഛന്റെ തൊണ്ടയിലിപ്പോഴും
ചോരയോ ചാരമോ കോരി നിറയ്പ്പു ഞാൻ
അച്ഛനെന്റേതോ ... അപരരാമുണ്ണികൾ-
തട്ടിക്കളിയ്ക്കും കളിപ്പന്തു മാത്രമോ


അസ്ത്രശസ്ത്രാദികഭ്യസിച്ചന്തരേ-
നെഞ്ചം തുളച്ചേ പെരുവിരൽ ദക്ഷിണ
പല്ലറ്റ പൈക്കളായെത്തുന്നു ദക്ഷിണ
അറ്റുപോം സ്വപ്നമായെത്തുന്നു ദക്ഷിണ
കുരലറുത്തത്രേ കുയിലിന്നു ദക്ഷിണ
നാവറുത്തത്രേ സ്വരങ്ങൾക്കു ദക്ഷിണ
വേരുടച്ചല്ലോ തരുവിന്നു ദക്ഷിണ
നേരുടച്ചല്ലോ വിധിന്യായ ദക്ഷിണ


അച്ഛനർഥിച്ചൂ പെരുവിരൽ, പുത്രന്റെ-
ശസ്ത്രമർഥിച്ചതോ തായ് വേരുരുക്കുവാൻ
ഉഗ്രം പ്രതികാരവാഞ്ജതൻ ദുർമുഖം
പാമ്പായ് വരിഞ്ഞുവളഞ്ഞു കൊത്തീദൃഢം
നിദ്രയിലെന്നെപ്പഠിപ്പിച്ച വിദ്യയോ
നിത്യശാപത്തിന്റെയുച്ചിഷ്ടപാത്രമായ്


ദ്രോണരെക്കൊയ്തു തീർക്കുന്നൂ പുതുരണം
തച്ചനെ ക്കീറിയൊരുക്കുന്നു മച്ചുകൾ
ജീവൻപിളർന്നെടുത്തോടുന്നു തേരുകൾ
പാപംകുടിച്ചേ പുളിയ്ക്കുന്നു നേരുകൾ
മക്കളടിച്ചിറക്കുന്നർദ്ധനഗ്നരാം
ശുഷ്കദുഃഖങ്ങളെ വീഥിയിൽ നിത്യവും


തലയോടുകീറിപ്പുറത്തുചാടും ക്രൂര-
ഫണിയായിവരിയുന്ന ശാപാമ്ളപീഡകൾ
പുതിയ ശിബിരങ്ങളിൽ വേവുന്നു പൈതങ്ങൾ
പുതിയ ശാപങ്ങളായ് കുറുകുന്നുലഹളകൾ
പുലരിയിൽ പൂക്കുന്നു പുതിയ രണമുദ്രകൾ
പുണ്ണുകൾക്കുള്ളിൽ തുരന്നുപോം നേരുകൾ


അടിവയ്ക്കുവാനറ്റ പാദങ്ങളിപ്പൊഴും
അടരിൽ ജയിക്കുവാനാത്മഹ്രദങ്ങളും
അലയുന്നു ഞാനെന്റെ പകയും വ്രണങ്ങളും
അഴുകുന്നു ഞാനെന്റെ കുലവും കടങ്ങളും








   

2010 സെപ്റ്റംബർ 11, ശനിയാഴ്‌ച

യാത്ര

ഇരുളിൽ
യാത്ര തുടങ്ങുമ്പോൾ
ഓരിയിടുന്ന നിലാവ്
അഴി തുരുമ്പിച്ച മനസ്സിൽ
ഇഴഞ്ഞു കയറുന്ന
നേർത്ത മഴക്കാറ്റ്


പുലരിയിൽ
പൂവിലിരിയ്ക്കേ
ചിറകിനു തീ പിടിച്ച പൂമ്പാറ്റകൾ
തേൻ നിറച്ച
കുപ്പികൾ തേടി
പിടഞ്ഞു മുരളുന്ന തേനീച്ചകൾ


ചിതറിത്തെറിച്ച
നട്ടുച്ചയിൽ
പുറത്ത്
ആരോ വലിച്ചെറിയുന്ന
ചുളി വീണു കുഴിഞ്ഞ കണ്ണുകൾ
എണ്ണമിനുപ്പാർന്ന
ഒരൂന്നുവടി
തുളവീണ കമ്പിളി
നെഞ്ചുകലങ്ങിത്തെറിക്കുന്ന
കഫച്ചോരത്തിടമ്പേറ്റിയ
തായമ്പകച്ചുമ


പകൽച്ചേരയിഴഞ്ഞുതിരിഞ്ഞ്
കനൽമാളങ്ങളിൽ
കുടിനീരു തിരയുന്നു
ഇണനാഗങ്ങളായി
പിണഞ്ഞുചേരുന്ന വഴികളിൽ
കാട്ടുമൂപ്പനെയിട്ടു തിളപ്പിച്ച
ടാറൊലിക്കുന്നു
 ഒരു മലമുഴക്കി വേഴാമ്പൽത്തൂവൽ
പറന്നു വന്നു
കോടി പുതപ്പിക്കുന്നു

മലമരങ്ങൾ
ജീവനോടെ കത്തുന്ന
കരിമ്പുകയിൽ മുങ്ങി
മഞ്ഞളും കുരുതിയും കൊണ്ട്
കുളിർത്ത മലദൈവങ്ങൾ
കണ്ണു തുറിക്കുന്നു

തോലുരിഞ്ഞു കൊടുത്ത്
മാനം രക്ഷിച്ച
കടുവകൾ
കൊമ്പുകൾ വലിച്ചൂരിയെറിഞ്ഞ്
മുട്ടുകുത്തിയ
ആനമല
കുപ്പിയിലേയ്ക്കു കുടിയിറക്കപ്പെട്ട
കാട്ടുചോലകൾ
വഴികളിൽത്തടയുന്ന
വരയാടിൻ തുടയെല്ലുകൾ


ഒടുവിൽ
ഇരുളിൽ
തടഞ്ഞു വീഴുമ്പോൾ
മുന്നിലാകാശം
പിന്നിൽ കടൽ
വശങ്ങളിൽ
വാപിളർക്കുന്ന ഗർത്തം

ചെകുത്താനും
ചുരത്തിനുമിടയിൽ
ഇനിയെങ്ങോട്ട് പോകണം


ഗൂഗിൾ മാപ്പിൽ
എല്ലാം കലങ്ങിയ
ചോരച്ചുവപ്പു മാത്രം

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

സ്മാർത്തവിചാരം

കിണറ്റിൽ നിന്നും
കുപ്പിയിലേക്ക്
പടിയടച്ച്
പിണ്ഡം വച്ച
കണ്ണീർക്കന്യക

അച്ചുതണ്ടൊടിഞ്ഞ
ഭൂഗോളത്തെ കോരിയെടുത്ത
വലക്കണ്ണിക്കുരുക്കിലൂടെ
പുറത്തേക്ക് തല നീട്ടി
അകത്തേക്ക്
പകച്ചു നോക്കി

വരണ്ടു വിണ്ടുപിളർന്ന
കണ്ണുമായി
ശ്വാസം കിട്ടാതെ പിടഞ്ഞു

ഏതാഴങ്ങളിലേയ്ക്കും
ചോദ്യശരമെയ്ത്
ഭീഷ്മ മുഖത്തേക്ക്
ഗംഗാതീർഥം
ഊറ്റിയുയർത്തിയെടുക്കുന്ന
പാർഥസ്മാർത്തന്മാർ....

നാലും കൂട്ടി മുറുക്കിയ
വികടച്ചിരി
ഒളിക്കാനാവാതെ
വഴിയിൽത്തങ്ങി വരണ്ട കണ്ണീർ

ഊഴം വച്ച് ശമിക്കുന്ന വിചാരങ്ങൾ
ഭേദ്യങ്ങൾ
പുറത്തേക്ക് കേൾക്കാതെ
നാഭീചക്രത്തിൽ
കുരുങ്ങിപ്പോയനിലവിളികൾ

ഒടുവിൽ
നിറം ചാലിച്ച കുപ്പിയിൽ
ജീവപര്യന്തം തടവിനു
സമ്മതിപത്രം
കണ്ണീർ വറ്റും വരെ
പ്ലാച്ചിമടയിൽ
അതു കഴിഞ്ഞാൽ
നിറഞ്ഞ കണ്ണീരകിടുള്ള
മറ്റൊരു ധേനു കന്യക


അതു കഴിഞ്ഞാൽ
വേറൊന്ന്

സ്മാർത്തന്മാർക്ക്
തിരക്കൊഴിഞ്ഞ നേരമില്ല
അവരുടെ മൊബൈൽ ഫോണിൽ
എപ്പോഴും
എൻഗേജ് ടോൺ

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

നിളാതീരത്ത്

മഹാകവി വള്ളത്തോളിനെ ഓർമ്മിച്ചുകൊണ്ട് എഴുതിയത്


മൂകയായിഴയുന്ന നിളതൻ നിശാമുഖം
മൂടുന്നൂ നിലാവിന്റെയീറനാമിതളുകൾ
കോടുന്നൂനിലാവിലും ചിലമ്പിൻ ചുവടുകൾ
വാടുന്നൂ വസന്തമാണെങ്കിലും കിനാവുകൾ


അർദ്ധനിദ്രയിൽ സ്വപ്നം പൊലിഞ്ഞ താരങ്ങളും
സ്നേഹമുദ്രയിൽ വിഷം തീണ്ടിയ തീരങ്ങളും
കരഞ്ഞു വിളിയ്ക്കുന്നൂ നിളയെ നിലയ്ക്കാത്ത
കേളികൊട്ടുയരുന്ന മിടിപ്പിൽ കവിതയിൽ


കരഞ്ഞു വിളിയ്ക്കുന്നൂ മകളും മഹർഷിയും
ഉരുകിയൊലിക്കുന്നൂ മറിയം മരുഭൂവിൽ
ഉണങ്ങും മുലക്കണ്ണിൽ ജീവനൂറ്റുവാനില്ലാ-
തിഴയും ശിശുക്കളെ പൂതന വിളിയ്ക്കുന്നു


മകൻ കൊന്നൊരച്ഛന്റെ മനസ്സു വിളിയ്ക്കുന്നൂ
ഗുരുവിൻ ശിരസ്സുണ്ട പരശു വിളിയ്ക്കുന്നൂ
വിറയ്ക്കും സീത കടത്തിണ്ണയിൽ ശമിയ്ക്കുന്നൂ
ഉഷമാരനിരുദ്ധപുരിയിൽ തിളയ്ക്കുന്നു


വാറ്റിയ ദുഃഖം കുടിച്ചിന്ദ്രിയം നരയ്ക്കുന്നു
കത്തിയ തിരുവോണപ്പൂക്കളം കരയുന്നു
ഊരുടച്ചുയിരാണ്ട മഴയും നിലയ്ക്കുന്നു
കാറ്റിരമ്പുന്നൂ ചുറ്റും കാകോളം പുളയ്ക്കുന്നൂ


പടരും ചോരക്കളം മായ്ക്കുവാനറിയാതെ
യുടയും പുള്ളോർക്കുടമോർമ്മയിൽ ലയിക്കുന്നു
കൂകുമോർമ്മതൻ കുയിൽ സ്വരവും കരിച്ചെറി-
ഞ്ഞാതിരാക്കാറ്റിൻ നെഞ്ചിലെരിഞ്ഞു ശപിക്കുന്നു


നൂപുരനാദം നില്ക്കാതുണരും മനസ്സിലെ-
ക്കേൾവിതൻ പുരം പൊട്ടിയൊലിച്ചൂ, വീണ്ടും
ചെവി പൊട്ടിയ നാട്ടിൻ വികലവിലാപങ്ങൾ
മദം പൊട്ടിയ തീയിൽ വെന്തൊരസ്തിവാരങ്ങൾ


തീ പിടിച്ചോടുന്നൊരീ തിരുവാതിരാക്കാറ്റും
പാതാളമോളം തീണ്ടാനെത്തുന്ന പാദങ്ങളും
കൊമ്മയിൽ ചോരക്കറ പുരണ്ട തുമ്പപ്പൂവും
കുമ്മിതുള്ളിടും മൃത്യു ചതച്ച ഗ്രാമങ്ങളും


കുരച്ചുചാടും മൃത്യു പുകയ്ക്കുമുന്മാദവും
കുലച്ച കാമാഗ്നിയിൽ വെന്ത ഗോപികമാരും
വിഷമം തിരുവോണപ്പാട്ടിലുമീജീവിതം
വിഷമിറ്റിവീഴുന്നൂ കൊന്ന തൻ കുലയിലും


എങ്കിലും തൂമഞ്ജരി വയമ്പും തേനും ചാലി-
ച്ചെഴുതുന്നിതെൻ ചുണ്ടിൽ ഹരിതമന്ത്രാക്ഷരം
മൂകയയിഴയുന്ന നിന്നിലെ ചിത്രാക്ഷരം
ഗുരുനാഥനാണെന്നുമുണ്ണിയ്ക്ക് നേത്രാമൃതം

കൊമ്മ - പൂക്കൾ ശേഖരിക്കാൻ ഓല മെടഞ്ഞുണ്ടാക്കുന്ന കൂട്

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഇന്നത്തെ പരിപാടികൾ

കഴുത്തറ്റം
നീറ്റുകക്കയിട്ട്
തലയിൽ
തീർത്ഥജലം തളിച്ച്
വംശശുദ്ധി ചെയ്യപ്പെടുന്ന
വനഗോത്രങ്ങളെക്കുറിച്ച്
ഒരു പരിശുദ്ധ
സ്പോൺസേർഡ് പ്രോഗ്രാം


കരിയെണ്ണയിൽ
മുങ്ങിക്കുളിച്ച്
തിരിച്ചു പോകാൻ
വഴി മറന്ന
സൈബീരിയൻ കൊക്കുകളുടെ
ഉടുതുണിയുരിഞ്ഞൊരു
ഫാഷൻ പരേഡ്


വാഷിങ്ങ് മെഷിനിൽ നിന്നും
വരിവരിയായി
അയകളിലേക്കു
മാർച്ച് ചെയ്തു
സ്വയം ഉണങ്ങുന്ന
പകൽക്കിനാവുകളുടെ
കോമഡിഷോ


ശവക്കുഴിയിൽ നിന്നും
ഉറവയെടുക്കുന്ന
പുതുമണമാർന്ന
കുളിരോലും
പ്രണയനദിപ്പാട്ടുകൾ


പരസ്യങ്ങൾക്കിടയിൽ
സമയമുണ്ടെങ്കിൽ മാത്രം
ഹരികഥ പാടുന്ന
സീരിയൽ പക്ഷികൾ

തൂങ്ങിമരണവും
മുങ്ങിമരണവും
പീഡനകഥകളും
പൊട്ടിത്തെറികളും
കൊറിച്ച് മയങ്ങുന്ന
തത്സമയ വാർത്താപ്പൈങ്കിളി


മിന്നൽ നഖങ്ങൾ
മാന്തിക്കീറുന്ന
അമ്മഭാഷയുടെ മുലക്കച്ച
പച്ചമുളയായ്
പൊട്ടിച്ചിതറുന്ന
അക്ഷരമാലക്കുരുന്നുകൾ


തീ പിടിച്ച മഴയിൽ
തൊണ്ടപൊള്ളിപ്പിളരുന്ന
മേഘമൽഹാർ
തുള വീണ തബല
കുരൽ മുറിഞ്ഞ തംബുരു

ഇനി....
നാളത്തെ പരിപാടികൾ


ഓ....
പരിപാടികളിൽ
മാറ്റമില്ല...

ആര്‌

തേനിൽ ചാലിച്ച നിലാവ്
കോരിയെടുത്ത്
കുടിച്ച് മദിക്കുന്നതാര്‌


മരുഭൂമിയിൽ നിന്നും
മരുപ്പച്ചയിലേക്ക്
ഒഴുകുന്ന കുളിരിന്‌
മൂക്കുകയറും
തൂക്കുകയറും
കുടുക്കുന്നതാര്‌


മണലിൽ പുതഞ്ഞ ഒട്ടകത്തെ
കഴുത്തൊടിച്ച്
വലിച്ചുയർത്തുന്നതാര്‌

മഴയിൽ നനഞ്ഞിഴയുന്ന
ഈ ജീവിതം
പൊരിവെയിലിൽ
വലിച്ചെറിയുന്നതാര്‌???

നങ്കൂരം

കപ്പിത്താനും
കപ്പലണ്ടിക്കച്ചവടക്കാരനും
കപ്പം പിരിവുകാരനും
കപ്പലിറങ്ങിയത്- ഒപ്പം


കടൽക്കാറ്റിനെ പൂട്ടിയ
കൈകൾ
കാട്ടു തേൻ കുടിച്ച്
കാടൻ തലകൾ കൊയ്ത്
കാട്ടിലും നാട്ടിലും കടലിലും
നങ്കൂരമിട്ടു


കുന്നിനും
കുളിരിനും
കുഞ്ഞുമുലയ്ക്കും
ഒന്നിച്ച്
വില പറഞ്ഞു

പുഴക്കരയ്ക്കിരിക്കുമ്പോൾ

പുഴയോ പൂഴിയോ വന്നെൻ
കാലിൽ തൊട്ടു വിളിക്കുന്നു
പൊക്കിൾക്കൊടി തുരന്നെന്റെ
ഗോത്രനേത്രം തുറക്കുന്നു
കുരൽ കീറിപ്പഴമ്പാട്ടിൻ
മലഞ്ചൂരു പരക്കുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പഴമ്പാട്ടോ വിതുമ്പുന്നു


പേരിയാഴിൻ തന്ത്രി മീട്ടി-
യേതു ഗന്ധർവ്വകന്യകൾ
അകം പുറം ചിലമ്പഴ-
ച്ചേതു കാവ്യാഗ്നി സിദ്ധികൾ
പാലൈനിലം ചുവപ്പിക്കും
മുരശിൻ ഭീതഗർജ്ജനം
മുല്ലൈമനം ദ്രവിപ്പിക്കും
കുഴലിൻ ദീനരോദനം
നെയ്തലോളം നീന്തിയെത്തും
മിഴാവിന്റെ കടുംതുടി
കുറിഞ്ചിമേടുകൾ ചിന്തി-
ത്തരിക്കുന്ന തുടിപ്പറ
മരുതൈയിൽ കതിർ തേടും
പരണർ തൻ പനങ്കിളി


പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴനൊന്തു വിളിക്കുന്നു
പൂഴി വെന്ത മണം കാറ്റിൻ
നെഞ്ചു കീറിത്തിളയ്ക്കുന്നു
നാഴിവെള്ളം തിരഞ്ഞാരോ
നാടു നീളെപ്പറക്കുന്നു
ചോരിവായിൽ വിഷം തേച്ച
നീരുറവിൻ കുരുന്നുകൾ
മുടിയ്ക്കുതീപിടിച്ചോടും
കാട്ടുചോലക്കിടാത്തികൾ
നീലമേഘം പിളർന്നെത്തും
നീചബ്രഹ്മശിരസ്സുകൾ
തോലുരിച്ച നിലാവിന്റെ
നെഞ്ചിലേക്കാഴ്ന്ന തീക്കനൽ
വേരിൻ തുമ്പിലൊളിക്കുന്ന
നാട്ടുമാവിൻ തളിരുകൾ
നേരിൻ കോടിയുടുക്കുന്ന
നുണക്കാറ്റിൻ വിഷുക്കണി
പുഴയോ പൂഴിയോ വന്നെൻ
പ്രാണനിൽ തലതല്ലുന്നു

പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയേതോ പിടയ്ക്കുന്നു
കോശഭിത്തി തകർത്തെന്റെ
ശ്വാസമായിപ്പടരുന്നു
കാലസൂചി കൊരുത്തെന്റെ
ആയുസ്സിനെക്കറക്കുന്നു
പഞ്ചഭൂതക്കെട്ടഴിച്ചെൻ
ഗാത്രവാതിൽ തുറക്കുന്നു
ആത്മരാഗം സ്വരഗംഗാ-
തീർത്ഥമായിത്തുടിക്കുന്നു

പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയെന്നിൽ നിറയുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയായ് ഞാനൊഴുകുന്നു


*1.പാലൈ, മുല്ലൈ, നെയ്തൽ, കുറിഞ്ചി, മരുതൈ - (സംഘകാലത്തെ ഐന്തിണൈകൾ)


*2.പേരിയാഴ് - (യാഴിനെക്കാൾ തന്ത്രികളുള്ള ഒരു സംഘകാല തന്ത്രിവാദ്യം)


*3മുരശ്- യുദ്ധവാദ്യം (ഒരു തരം പെരുമ്പറ

കൺട്രി ഫെലോസ്

കച്ചവടവിരലുകളിൽ
തൂങ്ങിയാടുന്ന
മാവേലിക്കാഴ്ചകളിൽ
മനം മടുത്ത്
അരയിൽച്ചുറ്റിയ
പാതാളക്കരണ്ടിയുമായി
വാമനൻ
എങ്ങോട്ടെന്നില്ലാതെ
എടുത്തുചാടി


ഓണത്തിനും
വിഷുവിനും
കേരളപ്പിറവിക്കും
വേണമെങ്കിൽ പിറന്നാളിനും
നാടുകാണാൻ വരുന്ന
തങ്കക്കസവ്
ഇന്ദുലേഖയ്ക്കും
രവിവർമ്മച്ചിത്രങ്ങൾക്കുമൊപ്പം
തീ കൊളുത്തി
ചരിത്രത്തിൽ നിന്നും
എങ്ങോ
ഇറങ്ങിയോടി


കഥകളി, തെയ്യം, പടയണി
കോൽക്കളി, പുലിക്കളി, വേലകളി
ഇവയെല്ലാം
ഘോഷയാത്ര പെറ്റ പൊരിവെയിലിൽ
തൊണ്ട വരണ്ട്
വിയർത്ത്, പകച്ച്
കൂലി കിട്ടാതെ
കുഴഞ്ഞു വീണു

ചെരിപ്പിനും
അരിക്കും
കഥകളി
അടിപൊളി....


ടയറിനും
അടിത്തുണിക്കും
പെയിന്റിനും
കളരിപ്പയറ്റ്, തുള്ളൽ
കലക്കി.....


ഉത്സവപ്പരസ്യങ്ങളുടെ
മഹോത്സവം കണ്ട്
മകൻ ചോദിച്ചു

ഡാ...ദ്..
ചെരിപ്പിട്ടണോ
കതകലി
ഷൂ ഇട്ടല്ലേ....


ഹി..ഹി..ഹി....


കൺട്രിഫെലോസ്.....

ഗ്യാലറി

വാൻഘോഗിന്റെ
സൂര്യകാന്തിപ്പൂക്കളുടെ
മഞ്ഞനിറത്തിൽ
എന്നും
വിരുന്നു വരാറുള്ള സ്വപ്നം
ചുവന്ന ചായം മുക്കിയ ബ്രഷ്
നെഞ്ചിൽ കുത്തിയിറക്കി
ഇന്നലെ
ആത്മഹത്യ ചെയ്തു

ക്ലോഡ് മൊണെയുടെ
തടാകത്തിന്റെ പച്ചയും
ആകാശതിന്റെ
ശാന്തനീലിമയും
ട്യൂലിപ് പൂക്കളുടെ ഹൃദയവും
കുപ്പായക്കമ്പനിക്കാർക്ക്
ആരോ കൂട്ടിക്കൊടുത്തു

പോപ്ലാർ മരങ്ങളുടെ
ഹരിതനദി
കട മുറിഞ്ഞ കിനാക്കളുടെ
ചോരയൊഴുകി കറുത്തു
ടോയ്‌ലറ്റിന്റെ മച്ചിലിരുന്ന
പല്ലിയെ നോക്കി
ഗൂഢസ്മിതം പൊഴിച്ച
മൊണാലിസയുടെ
തൊലി
ഉരിഞ്ഞെടുത്ത്
ചെരുപ്പുകുത്തികൾ
പുതിയ ഷൂസുണ്ടാക്കി

ബ്രൂഗലിന്റെ കടങ്കഥകൾ
ചിത്രങ്ങളിൽ നിന്നിറങ്ങി
മത്തടിച്ച് കുടിച്ച്
തെരുവിൽ
നൃത്തം വച്ചു

പിക്കാസോവിന്റെ
ക്യൂബുകൾ
ഉരുക്കു വിമാനങ്ങളായി
പറന്നു വന്ന്
ഇരുണ്ട വൻകരകളുടെ
ഹൃദയം തുളച്ചു കയറി
വേദനകളിലേക്ക്
പൊട്ടിത്തെറിച്ചു


എന്റെയുള്ളിൽ
കറങ്ങിയടിക്കുന്ന
ഭ്രാന്തൻ കാറ്റ്
വർണ്ണങ്ങളുടെ
കല്ലുകളുരുട്ടി
സ്വപ്നങ്ങളുടെ
കുന്നിന്മുകളിൽ കയറി
ജീവിതത്തിലേക്ക്
ഉരുട്ടി വിട്ട്
കൈ കൊട്ടി ആർത്തു ചിരിച്ചു


അറുത്തെടുത്ത
ചോര പുരണ്ട ഒരു നാക്ക്
ആരോ
എന്റെ ക്യാൻവാസിലേക്ക്
വലിച്ചെറിഞ്ഞു.

മണൽക്കാട്ടിലെ കവി

പൂഴിക്കടകൻ ചുവടുകൾ
മറന്ന കവി
മണൽക്കാട്ടിൽ
കൈ വിട്ട വാക്ക് തിരഞ്ഞു


മുന്നേ എഴുതിയ
പ്രണയഗീതത്തിന്റെ
ഒരു തുള്ളി
അണ്ണാക്കിലിറങ്ങാൻ
വഴിയറിയാതെ
നാലും കെട്ട പെരുവഴിയിൽ
വരണ്ടു വിണ്ടു കീറി


വികട കാകളിയിൽ നിന്നും
ഒളിച്ചോടിയ മുളങ്കാറ്റ്
ഗദ്യത്തിലൊരു
മുൾക്കിരീടമൊരുക്കി


വരിക്കണക്കുകളെ
തുളച്ചിറങ്ങിയ
കുറുങ്കുഴൽ
കരിഞ്ഞ വേരുമായി
കനവുകളിലേക്ക്
ഇഴഞ്ഞു കയറി


ജീവിതപ്പച്ചകൾ
അയവിറക്കി മടുത്ത ഒട്ടകം
മണലിൽ നിന്നും
മഞ്ഞിലേക്ക്
മുട്ടു കുത്തി

മരുപ്പച്ചയിലെ കരിന്തേളുകൾ
കവിയെ
വേദനയിലേക്കു ദത്തെടുത്തു

വേദനകളുടെ തമ്പുരാൻ
തുരുമ്പിച്ചനാരായം
തുടച്ചു മിനുക്കി
ഒരു കീറോല തിരഞ്ഞ്
പൊള്ളുന്ന മണാലാഴിയിലേക്ക്
കൂപ്പു കുത്തി.

പരിഭവം

കോൺക്രീറ്റ് പിരമിഡിന്റെ
അടിവയർ തുരന്ന്
ജീരകച്ചമ്പാവിന്റെ
ഒരു വിത്ത്
ഫറവോയോട്
പരിഭവിച്ചു


ഈർക്കിൽച്ചമ്പാവ്
മെലിഞ്ഞുണങ്ങി
ചിങ്ങത്തിൽ തീപ്പെട്ട്
കുലം മുടിഞ്ഞു


ഉണ്ടച്ചമ്പാവ്
ഗ്യാസ്ചേംബറിൽ
കന്യകയായി
കണ്ണു തുറിച്ചു

ഇന്നെനിക്ക്
ലക്സംബർഗിലെ
ഈ ജനിതകശയ്യയിൽ
ഏതു താരസുന്ദരിയാണു
കൂട്ടിനെത്തുക

കേരളം വിളിക്കുന്നു

കൂകിക്കൂകിക്കുഴഞ്ഞ കണ്ഠം
കൂകാതെയിഴയും കാലുകൾ
ചീറിയാർക്കും
വിശപ്പിൻ കാറ്റുകൾ


പ്രാകി വരുന്നവർക്കും
റാകി വരുന്നവർക്കും
പാറി വരുന്നവർക്കും
കാറി വരുന്നവർക്കും
എന്തു കൊടുക്കും?


വയൽപ്പായ ചുരുട്ടിയെടുത്ത്
കാതറീനു ശയ്യ വിരിച്ചു
പുഴപ്പാലിൽ കരളിറുത്ത്
മണൽച്ചോരയൂറ്റി വച്ച്
കടൽക്കണ്ണിൽ മുളകുടച്ച്
കാതറീനു വിളമ്പി വച്ചു


കപ്പത്തണ്ടിനും
കപ്പലണ്ടിക്കും
വെച്ചൂരമ്മയുടെ
പച്ചമുലയ്ക്കും
കാതറീനു പേറ്റന്റ്

കാതറീൻ മടങ്ങിയപ്പോൾ
കേരളത്തിനു
എച്ച് ഐ വി പോസറ്റീവ്

ഇന്ത്യൻ വർത്തമാനങ്ങൾ

അറിവുകൾ പേപിടിച്ചലറിയോടുന്നുവോ
ജീവന്റെയതിരുകളിടിഞ്ഞുതാഴുന്നുവോ
കുതികൊണ്ടസ്വപ്നങ്ങളൂന്നുമണ്ണില്ലാതെ-
യടിവേരിലാകാശമേന്തിയമരുന്നുവോ
ഹിമശീതഭീതികൾസിരകളിലരിച്ചേറി-
യുറയുന്ന ചോരയിലിഴഞ്ഞുനീങ്ങുന്നുവോ
ജ്വരജീർണ്ണശുഷ്കയാം സൈന്ധവീ;നീയെന്നിൽ
ജ്വലിതാഗ്നിയായ് പടർന്നേറുമോഭാരതീ...


വേദമധുമുനകളിൽ ഭേദരുധിരങ്ങളോ
സാമഗാനച്ചിറകിൽ ആധി തൂങ്ങുന്നുവോ
ആദികാവ്യപ്പൊരുളിലാകെയും ശൂലമുന-
കോർത്തെറിയുമാക്രന്ദനങ്ങളിരമ്പിയോ
ഭ്രാതൃരക്തം പൊള്ളി നിലവിളിയ്ക്കും
കുരുക്ഷേത്രപ്പറമ്പിലെപ്രേതമുണരുന്നുവോ
ആനന്ദസിന്ധുവിൽ അമ്ളദുഃഖം നിറ-
ഞ്ഞാത്മാവു വിങ്ങിയോരിന്ത്യയെക്കണ്ടുവോ

ദേശക്കുരുന്നിനെയറുത്തു ഭോഗിയ്ക്കുവാൻ
കീശക്കനങ്ങളിൽ ലേലമുയരുന്നുവോ
പുതിയവില്ക്കാശിൻ കൊഴുപ്പിലഴുകുന്നുവോ
പതിവച്ചു നാം കാത്ത മോക്ഷസൗഗന്ധികം
പഴയരണനായകർ തീർത്തസൗഗന്ധികം

നാടിന്റെരസനകളിലുപ്പായ്പ്പടർന്നവർ
ജീവരസമാറ്റിക്കുറുക്കിഹോമിച്ചവർ
അടിയേറ്റു തലയോടു പിളരുമ്പൊഴും
ഞങ്ങളടിമകളല്ലെന്നുറച്ച തീക്കാറ്റുകൾ
വെടിമണം പുകയുന്ന ദുരിതശിശിരങ്ങളിൽ
വിരിമാറു നീട്ടിയും വെടിയുണ്ട വെന്നവർ
അവരേകിയമൃതമീസ്വാതന്ത്ര്യമുജ്ജ്വലമൊ-
രഭിമാനബോധം; ഈയിന്ത്യതൻ ജീവനും

ദുഃഖം പുതച്ചിങ്ങു ദുരിതനദി നീന്തുന്നു
ദുഃശ്ശങ്കനീലിച്ച വനഗോത്രരാശികൾ
വിഷരാസികങ്ങൾ നുരയ്ക്കും കളങ്ങളിൽ
വിഷമേറ്റ കൊറ്റുതിരയും കൊച്ചു കൈയ്യുകൾ
കാമവെറികോർക്കും കുരുന്നുപൂക്കണ്ണുകൾ
വാണിഭച്ചുടലയിൽ തലചിതറുമമ്മമാർ
അസ്വസ്ഥനീഡങ്ങളെരിയുന്നു ജരിതയും
അശ്വമേധങ്ങൾ തിളയ്ക്കുന്നു ജനതയും


കോരന്റെകുമ്പിളുമറുത്തെടുത്തോടുന്നു
കൂരമ്പിലിരകോർത്ത പുതുകലിക്കഴുകുകൾ
ആഴിയും ദ്യോവും അദൃശ്യപാശങ്ങളാൽ
ആരോവരിഞ്ഞുമുറുക്കിയോടുന്നുവോ
ഉത്തരാഗർഭത്തിലും ചുറ്റിവരിയുന്നൊ-
രുത്തുംഗ ഋണതക്ഷകൻ ചീറ്റിനിന്നുവോ
ചുറ്റിലും കത്തുന്നു പുത്തൻചതിക്കളം
ചിത്തഭ്രമച്ചിതയിലാളുന്നു ജീവിതം

ചത്തു പൊങ്ങും ഗ്രാമചത്വരക്കണ്ണുകൾ
കൊത്തിപ്പറിച്ചോരു പുഷ്പകം പാഞ്ഞുവോ
അടിവേരിലാത്മാവൊളിപ്പിച്ച കൃഷകന്റെ-
വിളഭൂമിയെരിമണൽച്ചാരമായ് വെന്തുവോ
കുലമറ്റകടുവതൻ കുരുടൻ മുരൾച്ചയിൽ
കടുരാജനീതികൾ വിറകൊണ്ടുവീണുവോ
കാലം തിളച്ചുരുകിയൊഴുകുന്ന ലാവയിൽ
പീലിച്ചിറകുള്ള പക്ഷിയുണരുന്നുവോ
ജീവാഗ്നി പൊള്ളിച്ചുരുണ്ട പത്മങ്ങളിൽ
ജീവനിട്ടൊരു കാലപുരുഷനുണരുന്നുവോ

അപരാഗ്നി കാക്കുന്ന സൈന്ധവീ നീയെന്നി-
ലമൃതമഴയായ് നിറഞ്ഞെത്തുമോ ഭാരതീ....

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ഓർമ്മകളിൽ ഓണം

ഓർമ്മയിലെനിയ്ക്കുണ്ടൊരോണം നിലാവുപോൽ
പ്രാണനിൽ പൂക്കളം വിരിയിക്കുമുത്സവം
പാൽക്കടൽത്തിരകളായ് പൂക്കളം;കുളിരാർന്ന-
പൂവിളിത്താരയിൽ വരികയായ്ത്താരുകൾ
എന്നെ വേണ്ടേ നിനക്കെന്നു പൊൻചെമ്പകം
എന്നെയാദ്യം നീയിറുക്കെന്നു ചെത്തികൾ
ഇത്രനാളെങ്ങു നീ പോയെന്നു മുക്കുറ്റി
ഇത്രയും പോരേ നിനക്കെന്നരളികൾ
ഇത്ര ചുവപ്പിച്ചു ഞാൻ നിനക്കായ്ത്തീർത്തൊ-
രിക്കൃഷ്ണമുടി നീയെടുക്കെന്നു പൂമണം
പാൽപ്പതവറ്റാത്ത പുഞ്ചിരിത്തുമ്പകൾ
കാൽപ്പണം പൊന്നുമായ്ക്കാത്തു പൂമഞ്ഞകൾ
പാടവും തൊടിയും പുൽമേടും പുതച്ചുകൊ-
ണ്ടാവണിപ്പൂക്കളം തീർക്കുന്നു ചിങ്ങവും


ഇന്നുമെന്നോർമ്മയിൽ പൂവിളിപ്പുതുമണം
പൂമഴച്ചാറ്റലിൽ കുളിരുന്നു പുലരികൾ
പുളിമരക്കൊമ്പിലെയൂഞ്ഞാൽച്ചിറകേറി-
യിളവെയിൽക്കുതിരപ്പുറത്തെത്തുമുണ്ണികൾ
കളിയോടമലറിക്കുതിക്കുന്നൊരാർപ്പുകൾ
തളിരിലത്തൂശനിൽ കൊതി പെറ്റ നറുമണം
പുളയുന്ന പച്ചത്തിരകളായ് വയലുകൾ
പുളകം പുതയ്ക്കുന്ന പുള്ളുവൻ പാടുകൾ
വിളവേന്തിനില്ക്കുമടുക്കളത്തോപ്പുകൾ
തെളിയുന്നൊരോർമ്മത്തിടമ്പേറ്റിയോണവും

ഇന്നെന്റെയോർമ്മയിൽ കരിയുന്നു പൂവുകൾ
കുടിനീരു തിരയുന്ന കുരലറ്റ തളിരുകൾ
കണികാണുവാൻ പോലുമില്ലാത്ത തുമ്പകൾ
കുലമറ്റൊരോർമ്മയായ്ത്തീർന്ന മുക്കുറ്റികൾ
നിലയറ്റു മുങ്ങിയ പൂവിളിപ്പാട്ടുകൾ
ചിറകറ്റൊരൂഞ്ഞാൽ;ചിതൽ മൂടി ചില്ലകൾ
ആർപ്പുവിളിയില്ലാതെയടയിരുന്നുണ്ണികൾ
പാടവും തൊടിയും പുൽമേടും പുതച്ചുകൊ-
ണ്ടാകാശ മേടകൾ;പെരുകുന്ന വീഥികൾ
വിപണികൾ മാന്തിപ്പൊളിച്ചോരു കണ്ണുകൾ
ചൊടിയിൽ വിഷം തേച്ചടുക്കളത്തിണ്ണകൾ
തീ പിടിച്ചോടുന്ന പുള്ളുവൻ വീണകൾ
തീമഴയിലെരിയുന്ന ചിങ്ങപ്പുലരികൾ

 ഇന്നെന്റെയോർമ്മയിൽ വിറകൊള്ളുമോണം
വഴികളിൽത്തടയുന്ന ശിലകളായ് പൂക്കളം
ചെട്ടിയും ചേമന്തിയും ചെണ്ടുമല്ലിയും
കെട്ടുപോം പൂക്കളാൽ മത്സരപ്പൂക്കളം
ചിതറും തലച്ചോറു കൊണ്ടൊരു പൂക്കളം
അറ്റകൈപ്പത്തികൾ കൊണ്ടൊരു പൂക്കളം
പുഴുവരിച്ചൊരു വൃദ്ധശാപമായ് പൂക്കളം
മിഴികരിച്ചൊരു ബാലഭിക്ഷയായ് പൂക്കളം
കാട്ടുനായ്ക്കൾ തോലുരിഞ്ഞ കിടാത്തിയെ-
വേട്ടയാടും നാട്ടു ചാനൽച്ചിരിക്കളം
കെട്ടിയ മാവേലിവേഷമഴിയ്ക്കാതെ-
കെട്ടുകൂലിക്കായ്ക്കരയും ചതിക്കളം
കഥകളി,തെയ്യം,പുലിക്കളി,പൂക്കളം
കനവിലും നിനവിലും വറ്റാത്ത തീക്കളം

എങ്കിലുമോണമെത്തുമ്പോഴെന്നുള്ളിലെ-
പുഞ്ചിരിത്തുമ്പകൾ തീർക്കുന്നു പാൽക്കളം
ഓർമ്മയിലെനിക്കുണ്ടൊരോണം നിലാവു പോൽ
പ്രാണനിൽ തേൻകണം ചാലിക്കുമുത്സവം