2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ഓർമ്മകളിൽ ഓണം

ഓർമ്മയിലെനിയ്ക്കുണ്ടൊരോണം നിലാവുപോൽ
പ്രാണനിൽ പൂക്കളം വിരിയിക്കുമുത്സവം
പാൽക്കടൽത്തിരകളായ് പൂക്കളം;കുളിരാർന്ന-
പൂവിളിത്താരയിൽ വരികയായ്ത്താരുകൾ
എന്നെ വേണ്ടേ നിനക്കെന്നു പൊൻചെമ്പകം
എന്നെയാദ്യം നീയിറുക്കെന്നു ചെത്തികൾ
ഇത്രനാളെങ്ങു നീ പോയെന്നു മുക്കുറ്റി
ഇത്രയും പോരേ നിനക്കെന്നരളികൾ
ഇത്ര ചുവപ്പിച്ചു ഞാൻ നിനക്കായ്ത്തീർത്തൊ-
രിക്കൃഷ്ണമുടി നീയെടുക്കെന്നു പൂമണം
പാൽപ്പതവറ്റാത്ത പുഞ്ചിരിത്തുമ്പകൾ
കാൽപ്പണം പൊന്നുമായ്ക്കാത്തു പൂമഞ്ഞകൾ
പാടവും തൊടിയും പുൽമേടും പുതച്ചുകൊ-
ണ്ടാവണിപ്പൂക്കളം തീർക്കുന്നു ചിങ്ങവും


ഇന്നുമെന്നോർമ്മയിൽ പൂവിളിപ്പുതുമണം
പൂമഴച്ചാറ്റലിൽ കുളിരുന്നു പുലരികൾ
പുളിമരക്കൊമ്പിലെയൂഞ്ഞാൽച്ചിറകേറി-
യിളവെയിൽക്കുതിരപ്പുറത്തെത്തുമുണ്ണികൾ
കളിയോടമലറിക്കുതിക്കുന്നൊരാർപ്പുകൾ
തളിരിലത്തൂശനിൽ കൊതി പെറ്റ നറുമണം
പുളയുന്ന പച്ചത്തിരകളായ് വയലുകൾ
പുളകം പുതയ്ക്കുന്ന പുള്ളുവൻ പാടുകൾ
വിളവേന്തിനില്ക്കുമടുക്കളത്തോപ്പുകൾ
തെളിയുന്നൊരോർമ്മത്തിടമ്പേറ്റിയോണവും

ഇന്നെന്റെയോർമ്മയിൽ കരിയുന്നു പൂവുകൾ
കുടിനീരു തിരയുന്ന കുരലറ്റ തളിരുകൾ
കണികാണുവാൻ പോലുമില്ലാത്ത തുമ്പകൾ
കുലമറ്റൊരോർമ്മയായ്ത്തീർന്ന മുക്കുറ്റികൾ
നിലയറ്റു മുങ്ങിയ പൂവിളിപ്പാട്ടുകൾ
ചിറകറ്റൊരൂഞ്ഞാൽ;ചിതൽ മൂടി ചില്ലകൾ
ആർപ്പുവിളിയില്ലാതെയടയിരുന്നുണ്ണികൾ
പാടവും തൊടിയും പുൽമേടും പുതച്ചുകൊ-
ണ്ടാകാശ മേടകൾ;പെരുകുന്ന വീഥികൾ
വിപണികൾ മാന്തിപ്പൊളിച്ചോരു കണ്ണുകൾ
ചൊടിയിൽ വിഷം തേച്ചടുക്കളത്തിണ്ണകൾ
തീ പിടിച്ചോടുന്ന പുള്ളുവൻ വീണകൾ
തീമഴയിലെരിയുന്ന ചിങ്ങപ്പുലരികൾ

 ഇന്നെന്റെയോർമ്മയിൽ വിറകൊള്ളുമോണം
വഴികളിൽത്തടയുന്ന ശിലകളായ് പൂക്കളം
ചെട്ടിയും ചേമന്തിയും ചെണ്ടുമല്ലിയും
കെട്ടുപോം പൂക്കളാൽ മത്സരപ്പൂക്കളം
ചിതറും തലച്ചോറു കൊണ്ടൊരു പൂക്കളം
അറ്റകൈപ്പത്തികൾ കൊണ്ടൊരു പൂക്കളം
പുഴുവരിച്ചൊരു വൃദ്ധശാപമായ് പൂക്കളം
മിഴികരിച്ചൊരു ബാലഭിക്ഷയായ് പൂക്കളം
കാട്ടുനായ്ക്കൾ തോലുരിഞ്ഞ കിടാത്തിയെ-
വേട്ടയാടും നാട്ടു ചാനൽച്ചിരിക്കളം
കെട്ടിയ മാവേലിവേഷമഴിയ്ക്കാതെ-
കെട്ടുകൂലിക്കായ്ക്കരയും ചതിക്കളം
കഥകളി,തെയ്യം,പുലിക്കളി,പൂക്കളം
കനവിലും നിനവിലും വറ്റാത്ത തീക്കളം

എങ്കിലുമോണമെത്തുമ്പോഴെന്നുള്ളിലെ-
പുഞ്ചിരിത്തുമ്പകൾ തീർക്കുന്നു പാൽക്കളം
ഓർമ്മയിലെനിക്കുണ്ടൊരോണം നിലാവു പോൽ
പ്രാണനിൽ തേൻകണം ചാലിക്കുമുത്സവം

1 അഭിപ്രായം: