2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഇന്ത്യൻ വർത്തമാനങ്ങൾ

അറിവുകൾ പേപിടിച്ചലറിയോടുന്നുവോ
ജീവന്റെയതിരുകളിടിഞ്ഞുതാഴുന്നുവോ
കുതികൊണ്ടസ്വപ്നങ്ങളൂന്നുമണ്ണില്ലാതെ-
യടിവേരിലാകാശമേന്തിയമരുന്നുവോ
ഹിമശീതഭീതികൾസിരകളിലരിച്ചേറി-
യുറയുന്ന ചോരയിലിഴഞ്ഞുനീങ്ങുന്നുവോ
ജ്വരജീർണ്ണശുഷ്കയാം സൈന്ധവീ;നീയെന്നിൽ
ജ്വലിതാഗ്നിയായ് പടർന്നേറുമോഭാരതീ...


വേദമധുമുനകളിൽ ഭേദരുധിരങ്ങളോ
സാമഗാനച്ചിറകിൽ ആധി തൂങ്ങുന്നുവോ
ആദികാവ്യപ്പൊരുളിലാകെയും ശൂലമുന-
കോർത്തെറിയുമാക്രന്ദനങ്ങളിരമ്പിയോ
ഭ്രാതൃരക്തം പൊള്ളി നിലവിളിയ്ക്കും
കുരുക്ഷേത്രപ്പറമ്പിലെപ്രേതമുണരുന്നുവോ
ആനന്ദസിന്ധുവിൽ അമ്ളദുഃഖം നിറ-
ഞ്ഞാത്മാവു വിങ്ങിയോരിന്ത്യയെക്കണ്ടുവോ

ദേശക്കുരുന്നിനെയറുത്തു ഭോഗിയ്ക്കുവാൻ
കീശക്കനങ്ങളിൽ ലേലമുയരുന്നുവോ
പുതിയവില്ക്കാശിൻ കൊഴുപ്പിലഴുകുന്നുവോ
പതിവച്ചു നാം കാത്ത മോക്ഷസൗഗന്ധികം
പഴയരണനായകർ തീർത്തസൗഗന്ധികം

നാടിന്റെരസനകളിലുപ്പായ്പ്പടർന്നവർ
ജീവരസമാറ്റിക്കുറുക്കിഹോമിച്ചവർ
അടിയേറ്റു തലയോടു പിളരുമ്പൊഴും
ഞങ്ങളടിമകളല്ലെന്നുറച്ച തീക്കാറ്റുകൾ
വെടിമണം പുകയുന്ന ദുരിതശിശിരങ്ങളിൽ
വിരിമാറു നീട്ടിയും വെടിയുണ്ട വെന്നവർ
അവരേകിയമൃതമീസ്വാതന്ത്ര്യമുജ്ജ്വലമൊ-
രഭിമാനബോധം; ഈയിന്ത്യതൻ ജീവനും

ദുഃഖം പുതച്ചിങ്ങു ദുരിതനദി നീന്തുന്നു
ദുഃശ്ശങ്കനീലിച്ച വനഗോത്രരാശികൾ
വിഷരാസികങ്ങൾ നുരയ്ക്കും കളങ്ങളിൽ
വിഷമേറ്റ കൊറ്റുതിരയും കൊച്ചു കൈയ്യുകൾ
കാമവെറികോർക്കും കുരുന്നുപൂക്കണ്ണുകൾ
വാണിഭച്ചുടലയിൽ തലചിതറുമമ്മമാർ
അസ്വസ്ഥനീഡങ്ങളെരിയുന്നു ജരിതയും
അശ്വമേധങ്ങൾ തിളയ്ക്കുന്നു ജനതയും


കോരന്റെകുമ്പിളുമറുത്തെടുത്തോടുന്നു
കൂരമ്പിലിരകോർത്ത പുതുകലിക്കഴുകുകൾ
ആഴിയും ദ്യോവും അദൃശ്യപാശങ്ങളാൽ
ആരോവരിഞ്ഞുമുറുക്കിയോടുന്നുവോ
ഉത്തരാഗർഭത്തിലും ചുറ്റിവരിയുന്നൊ-
രുത്തുംഗ ഋണതക്ഷകൻ ചീറ്റിനിന്നുവോ
ചുറ്റിലും കത്തുന്നു പുത്തൻചതിക്കളം
ചിത്തഭ്രമച്ചിതയിലാളുന്നു ജീവിതം

ചത്തു പൊങ്ങും ഗ്രാമചത്വരക്കണ്ണുകൾ
കൊത്തിപ്പറിച്ചോരു പുഷ്പകം പാഞ്ഞുവോ
അടിവേരിലാത്മാവൊളിപ്പിച്ച കൃഷകന്റെ-
വിളഭൂമിയെരിമണൽച്ചാരമായ് വെന്തുവോ
കുലമറ്റകടുവതൻ കുരുടൻ മുരൾച്ചയിൽ
കടുരാജനീതികൾ വിറകൊണ്ടുവീണുവോ
കാലം തിളച്ചുരുകിയൊഴുകുന്ന ലാവയിൽ
പീലിച്ചിറകുള്ള പക്ഷിയുണരുന്നുവോ
ജീവാഗ്നി പൊള്ളിച്ചുരുണ്ട പത്മങ്ങളിൽ
ജീവനിട്ടൊരു കാലപുരുഷനുണരുന്നുവോ

അപരാഗ്നി കാക്കുന്ന സൈന്ധവീ നീയെന്നി-
ലമൃതമഴയായ് നിറഞ്ഞെത്തുമോ ഭാരതീ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ