വാൻഘോഗിന്റെ
സൂര്യകാന്തിപ്പൂക്കളുടെ
മഞ്ഞനിറത്തിൽ
എന്നും
വിരുന്നു വരാറുള്ള സ്വപ്നം
ചുവന്ന ചായം മുക്കിയ ബ്രഷ്
നെഞ്ചിൽ കുത്തിയിറക്കി
ഇന്നലെ
ആത്മഹത്യ ചെയ്തു
ക്ലോഡ് മൊണെയുടെ
തടാകത്തിന്റെ പച്ചയും
ആകാശതിന്റെ
ശാന്തനീലിമയും
ട്യൂലിപ് പൂക്കളുടെ ഹൃദയവും
കുപ്പായക്കമ്പനിക്കാർക്ക്
ആരോ കൂട്ടിക്കൊടുത്തു
പോപ്ലാർ മരങ്ങളുടെ
ഹരിതനദി
കട മുറിഞ്ഞ കിനാക്കളുടെ
ചോരയൊഴുകി കറുത്തു
ടോയ്‌ലറ്റിന്റെ മച്ചിലിരുന്ന
പല്ലിയെ നോക്കി
ഗൂഢസ്മിതം പൊഴിച്ച
മൊണാലിസയുടെ
തൊലി
ഉരിഞ്ഞെടുത്ത്
ചെരുപ്പുകുത്തികൾ
പുതിയ ഷൂസുണ്ടാക്കി
ബ്രൂഗലിന്റെ കടങ്കഥകൾ
ചിത്രങ്ങളിൽ നിന്നിറങ്ങി
മത്തടിച്ച് കുടിച്ച്
തെരുവിൽ
നൃത്തം വച്ചു
പിക്കാസോവിന്റെ
ക്യൂബുകൾ
ഉരുക്കു വിമാനങ്ങളായി
പറന്നു വന്ന്
ഇരുണ്ട വൻകരകളുടെ
ഹൃദയം തുളച്ചു കയറി
വേദനകളിലേക്ക്
പൊട്ടിത്തെറിച്ചു
എന്റെയുള്ളിൽ
കറങ്ങിയടിക്കുന്ന
ഭ്രാന്തൻ കാറ്റ്
വർണ്ണങ്ങളുടെ
കല്ലുകളുരുട്ടി
സ്വപ്നങ്ങളുടെ
കുന്നിന്മുകളിൽ കയറി
ജീവിതത്തിലേക്ക്
ഉരുട്ടി വിട്ട്
കൈ കൊട്ടി ആർത്തു ചിരിച്ചു
അറുത്തെടുത്ത
ചോര പുരണ്ട ഒരു നാക്ക്
ആരോ
എന്റെ ക്യാൻവാസിലേക്ക്
വലിച്ചെറിഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ