2010 നവംബർ 25, വ്യാഴാഴ്‌ച

ശ്രീബുദ്ധനെത്തേടി

അവസാദദുഃഖങ്ങളടരായ്ക്കിടക്കുന്നൊ- 
രവരഹസവീഥിയിലിറങ്ങി സിദ്ധാർഥൻ 
അവനമ്രയായ് നില്പൂ കപിലവാടങ്ങളും 
അവകലിതയായ് കേണു ശാക്യ സൗഭാഗ്യവും 

പടിയിറങ്ങി; മുന്നിലുഴറിപ്പിടയ്ക്കുന്നു 
പിണയുന്നു വഴികൾ; ഇന്നെനിയ്ക്കേതു വഴി 
ജഡമഴയിലിഴയുന്നതേതു വഴികൾ 
ജ്വരമിഴിയിലുറയുന്നതേതു വഴികൾ 
പാതാളതമസ്സിലേക്കായുന്നതേതു വഴി? 
വേതാളമായ്തൂങ്ങിയലറുന്നതേതു വഴി? 

ഇരുളിന്റെ ചോര വാർന്നിടറുമീ യാമത്തിൽ 
ഇരുമിഴികളിൽ പൂത്ത രാഗോഷ്ണജാലവും 
ഇരവിലീ വിരഹമറിയാതെ മയങ്ങുമ- 
ത്തരുണിയിൽ പടരുമാഗ്നേയാർദ്ര നിമിഷവും 
തെളിയുന്നുവോ വീണ്ടുമിന്ദ്രജാലങ്ങളായ് 
പുളയുന്ന വഴികളിൽ പരതി സിദ്ധാർഥൻ 

ഇഴയുന്നു കണ്ണുകൾ; ഇടറിവീഴുന്നഗ്നി- 
യുലയുന്ന നോവുകൾ; നിബിഡരോഗങ്ങളിൽ- 
നീന്തുന്നു കുടിലുകൾ;കുരുതികൾ പൊട്ടി- 
യൊലിക്കുന്ന തെരുവുകൾ;കുതിരവേഗങ്ങൾക്കു- 
മടിയിൽ ചതഞ്ഞരഞ്ഞൊഴുകുന്ന നിദ്രകൾ 
അലയുന്ന വെടിയൊച്ചയിൽ കോർത്തുനീറുന്നൊ- 
രിടയന്റെയാർത്തനാദത്തിൻ കരിനിഴൽ 
ചോരയുരച്ചു കറുപ്പിച്ച വഴികളിൽ 
ചോദ്യചിഹ്നം പോലെ വീണു സിദ്ധാർഥൻ 
ചോരയിൽ മുഖമുഴുതു മുഴുകി സിദ്ധാർഥൻ 

നിലവിളിപ്പൂ നിണം നിബിഡബോധങ്ങളിൽ 
നിലയറ്റ ഗൂഢനിർന്നിദ്ര നരകാഗ്നിയിൽ 
വേട്ടയ്ക്കു കോപ്പു കൂട്ടിപ്പാഞ്ഞടുക്കുന്നു 
നായാട്ടു നായ്ക്കളെപ്പൂട്ടിയ തേരുകൾ 
മംഗല്യസൂത്രമുന കൃഷ്ണമണിയിൽ കോർത്തും 
അംഗങ്ങളിൽ നഖമാഴ്ത്തിപ്പൊളിച്ചും 
മുലകൾ പറിച്ചെറിഞ്ഞാഗ്നേയരാശിയിൽ 
മുടിയിഴകൾ പിഴുതടിച്ചലയുന്നു വിധവകൾ 

സ്നേഹമഴ തേടി ....ചൊടികൾ പിളർന്ന്..... 
മൃത്യുവിൽ നോക്കിയനാഥരായ് കുട്ടികൾ 
കുമ്പിളിൽ...ഇറ്റിവീഴുന്നൂ...നിരാശതൻ തീമഴ 
തുമ്പികൾ ചിറകറ്റു വീഴുന്നു; പിടയുന്നു 

തിമിരാന്ധകാരത്തിലൂന്നുവടിയില്ലാതെ 
തലചായ്ക്കുവാനന്തി വെണ്മേഘമില്ലാതെ 
തലച്ചോറുരുകെ സമാശ്വാസമില്ലാതെ 
അന്ധദ്വയങ്ങളായച്ഛനുമമ്മയും 
അർദ്ധബോധങ്ങളിൽ നൊന്തുപിടയവേ 
അന്തിനിലാവായ് തിരുനെറ്റി തടവുവാൻ 
അന്ത്യകണമണ്ണാക്കിലിറ്റിവീഴാൻ കാത്തു- 
കാതോർത്തു വാപിളർന്നന്ത്യം വരിക്കവേ... 
അഗ്നിമുനകൾ തട്ടിയുണരുന്ന പ്രജ്ഞയിൽ 
അശ്വത്ഥവേരു കണ്ടുണരുന്നു സിദ്ധാർഥൻ 

കിലുങ്ങുന്ന വഴികൾ കടഞ്ഞും; പിണഞ്ഞാടി- 
യുണരുന്ന സ്വപ്നശതതന്ത്രികൾ പിഴിഞ്ഞും 
വേദനകൾ ചുട്ടുപൊട്ടിച്ചും; ചുരയ്ക്കുന്ന 
ചോദനയറുത്തും; ജ്വരം പൂത്തിരുണ്ട- 
ബോധങ്ങൾ പിളർന്നും; ആഗ്നേയ നിദ്രകളെ- 
യാറ്റിക്കുടിച്ചും...തിളച്ചു നടന്നു സിദ്ധാർഥൻ 

ആലിലകൾ മൂളുന്ന ചുണ്ടുകളടച്ചും 
ഇരുകണ്ണികളിലീറൻ നിലാവു ചാലിച്ചും 
ജഠരാമ്ളദ്രാവകം പോൽ കെട്ട ബുദ്ധിയിൽ 
സടകുടഞ്ഞുണരുന്ന സൂര്യനെ നിറച്ചും 
തീവരകളിൽ കോർത്തൊരഴലിന്റെ ഗ്രന്ഥികൾ 
തീവ്ര തമസ്സിൻ തികതശാഖിയിൽ തൂക്കിയും 
ബോധിവൃക്ഷച്ചുവടിലോർമ്മകളുരുക്കിയും 

ബോധോദയം കാത്തിരിക്കുന്നു സിദ്ധാർഥൻ 
....ശ്രീബുദ്ധനെക്കാത്തിരിക്കുന്നു സിദ്ധാർഥൻ.. 

2010 നവംബർ 24, ബുധനാഴ്‌ച

സാന്ത്വനം

പേനായ്ക്കൾ
കുരച്ചു പിന്തുടരുന്ന
ദുരിത നിഴൽ
ചക്രവാളത്തെ തുരന്ന്
പിന്നെയും നീളുന്നു


പാവാടയഴിച്ചു പറക്കുന്ന
ഇരട്ടവാലൻ കിളികൾ
ഇരുളിലിരുന്നാരോടോ
കിന്നരിക്കുന്നു


വികടചുംബനത്തിന്റെ
കുളമ്പടിയിൽ
നൊന്തു ചതയുന്ന
ഇളം കുരുന്നുകൾ
പിന്നാലേ
കുരച്ചു കിതച്ചെത്തുന്ന
പേ പിടിച്ച പ്രണയം

വിരലുകളിൽ നിന്നും
പുറത്തേക്കു തെറിച്ച
തണുത്ത എല്ലുകളാൽ
ആരുടെയോ
സാന്ത്വനസ്പർശം

കഴുത്തിൽ നിന്നും
താഴേക്കിറങ്ങി
കുഞ്ഞുമുലകളെ തീണ്ടുന്നു.

മിന്നൽപ്പിണർ

മിന്നൽപ്പിണർപ്പടി ചവിട്ടി
ഭൂമിയിലേയ്ക്കിറങ്ങിവന്ന
വെളിച്ചപ്പിറാവുകൾ
ആരുടെ ഉലയിലും
തീപൂട്ടിയില്ലെന്നോ


ഒരു തെങ്ങ്
പച്ചയ്ക്കു നിന്നു കത്തി
രണ്ടു മൺവീടുകൾ
വിണ്ടുകീറിപ്പിളർന്നു
അർദ്ധരാത്രി കുടപിടിച്ച
ഒരു കാരണവർ
നിന്ന നിലയ്ക്ക്
അന്ത്യശ്വാസം വലിച്ചു

ഇതിലധികം
ഒരു വാർത്താചാനലിലും
ഇവൻ ഇടം നേടിയില്ലെന്നോ

പ്രണയമിന്നലിൽ
പുളകിതയായി ഒരുവൾ
മിന്നൽപ്പകയിൽ
കത്തി നെഞ്ചേറ്റി
ഒരുവൻ

മിന്നൽക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ്
ഒരു കോപ്പൻഹേഗ്

മിന്നൽത്തൂലിക
ഭൂമിയിൽ
വരച്ചു വയ്ക്കുന്ന കവിത
അതിപുരാതന
മൃതദേവഭാഷ
ആരും എവിടെയും പഠിക്കുന്നില്ല
ഒരു കാക്കാത്തിയും
അതിനെക്കുറിച്ച്
പറയുന്നില്ല


ഈ ഭൂമിയെ
നെടുകേപ്പിളർക്കുന്ന
ഒരു മിന്നൽ വാൾ
ആരാണു?
എവിടെയാണു??
രാകിരാകി
മൂർച്ച കൂട്ടുന്നത്???


ചാണയിൽ
മൂർച്ച ചിതറുന്ന
തെളിമിന്നൽപ്പിണർ
നിങ്ങളും
കാണുന്നില്ലെന്നോ!!!!!!

അലമുറകൊള്ളുന്നതാരോ

അലമുറകൊള്ളുന്നതാരോ.... 
കവിയോ,മുനീന്ദ്രരോ,മുക്കാലിയിൽ 
കോർത്ത മുറജപപ്പഴമയോ 
ജഡമഴയിൽ പ്രളയത്തിലൊഴുകുന്ന കണ്ണനോ 
കണ്ണൻ നയിച്ച യുദ്ധത്തിന്റെ തേരുരുൾ- 
പ്പാടുകളിലുറയാതെ വഴുതുന്ന ചോരയോ 
ചൂതിലും ദൂതിലും ചോരപ്പുഴയിലും 
ധർമ്മം തിരഞ്ഞകുരുക്ഷേത്ര ഭൂമിയോ 
വാല്മീകമൗനം പിളർന്ന ശ്രീരാമനോ... 

അലമുറ കൊള്ളുന്നതാരാരോ.. 
കണ്ണുടച്ചറിവിന്റെയുറവയെക്കാണിച്ച- 
മന്ത്രാഗ്നിയൂറും കലിംഗപുരാണമോ 
വെട്ടിപ്പിടിച്ചൊടുവിൽ കുതികെട്ടു വീഴുന്നൊ- 
രുന്മാദലഹരിയോ ശാന്തിമന്ത്രങ്ങളോ.. 
ഹരിതാംബ കതിർമാല്യമണിയിച്ച സൂര്യനോ.. 
നക്ഷത്രജാലമോ നിത്യപ്രപഞ്ചമോ... 

അലമുറ കൊള്ളുന്നതാരാരോ.. 
നിലവിളിച്ചാലുകളിലൊഴുകുന്ന സ്വപ്നമോ.. 
ആഗ്നേയബാണങ്ങൾ കോർക്കും പിറാക്കളോ 
വിഫലാഭിശസ്തിയിൽ വിടരും വിഷാദമോ 
കുലചിഹ്നമോ കൊമ്പുകുഴലോ കിരീടമോ 
ചിതറുമെൻ വാക്കിന്റെ നാക്കറുത്തൂറ്റമോ- 
ടൊഴുകുന്ന ബോധത്തിരകളോ വേനലോ.... 

അലമുറ കൊള്ളുന്നതാരോ... 
മറ വെന്തൊരഗ്നിയിൽ മുടിയും കുലങ്ങളോ.. 
മനതാരിറുത്തുണരുമുമയോ മഹേശനോ.. 
ജര വന്നു മൂടുന്നൊരുഷസ്സോ തമസ്സതോ.. 
ജ്വരപീഡയിൽ കൂടുകൂട്ടും വ്ഇലാപമോ 

അലമുറ കൊള്ളുന്നതാരാരോ.. 
കഴുകനമൃതേത്തിനായ് മുലയൂട്ടുവേർപെടു- 
ത്തെറിയുന്നൊരുണ്ണിതൻ കരളോ കിനാവതോ 
വേരുകൾ പണയത്തിനെഴുതുന്ന ചൂതതോ.. 
നേരുകൾ വിഴുങ്ങുന്ന രാഹുവോ കേതുവോ.. 
വിപണിയിൽ വിടരുന്ന മൃത്യു പുഷ്പങ്ങളോ.. 
ജനനിയിൽ തിരയുന്ന കാമസൂത്രങ്ങളോ.. 
വിടവിധികളെഴുതുന്ന ചാനൽപ്പുറങ്ങളോ.. 
മടിത്തട്ടു വെന്തുപോം നാട്ടിൻ പുറങ്ങളോ.. 

അലമുറ കൊള്ളുന്നതാരാരോ.. 
അടിപതറുമോർമ്മകൾക്കിടയിലായ് വാപിളർ- 
ന്നുണരുന്നൊരാഗോളദാഹമോ ദംഷ്ട്രയോ.. 
ജനിമൃതിച്ചരടുകൾ കരളുന്ന വിധികളോ.. 
ജന്മാന്തരങ്ങളെച്ചുഴലുന്ന ശാപമോ.. 
ജന്മഗേഹാസ്ഥികളുടയ്ക്കുന്ന ചിതകളോ.. 
ജന്മമോ.. കർമ്മമോ.. മോക്ഷമോ.. മായയോ... 

അലമുറ കൊള്ളുന്നതാരാരോ.. 
അലതിളയ്ക്കുന്നതെൻ തൊണ്ടയിൽ തന്നെയോ 
അറ തുരയ്ക്കുന്നതെൻ നെഞ്ചകം തന്നെയോ 
ലേലമുയരുന്നതെൻ നട്ടെല്ലിനല്ലയോ.. 
ചേലയുരിയുന്നതെൻ പാഞ്ചാലിയല്ലയോ... 

ഭൂപടച്ചുടലയിൽ ഭൂതമുണരുന്നുവോ.. 
ബോധഗർത്തങ്ങളിൽ ഭീതിയലറുന്നുവോ.. 
തുടലുകളിലുഴറിയുണരുന്നുവോ പുലരികൾ 
നടുവൊടിഞ്ഞുയിർ പിഴിഞ്ഞണയുമോ സന്ധ്യകൾ....