2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

എന്റെ ഓണം

വെയില്പ്പൂക്കൾമഞ്ഞക്കുമിളയായ്പ്പൊട്ടുന്ന 
മണല്ക്കാട്ടിൽ വെന്ത കാലടികൾ പിളർക്കുന്ന 
കനൽ വെള്ളമുള്ളിനെ പൊള്ളിച്ചുരുക്കുന്ന 
മരുഭൂവിലാണിക്കുറിയെന്റെയോണം 

ഇളവേല്ക്കുവാനില്ലയൊരു തണൽ ചില്ലയും 
ഇല്ലിമുൾത്തുമ്പിൽ വിരിഞ്ഞീല പൂവുകൾ 
ഇല്ല നാണിച്ചു നില്ക്കുന്ന പൂത്തുമ്പകൾ 
ഇലയനക്കങ്ങളിൽ പെരുകുന്ന തുമ്പികൾ 

ഇവിടില്ല പൂപ്പൊലി, പൂക്കളം, പൂമണം 
ഇവിടില്ല പൂവിളിയാർപ്പുകളുത്സവം 
ഇവിടില്ലയൂഞ്ഞാൽ, പുലിക്കളി, പാട്ടുകൾ 
ഇവിടില്ല നിറസദ്യവട്ടപ്പെരുമണം 

എവിടെയെൻ മാവേലി നടകൊണ്ട മേടുകൾ 
എവിടെയെൻ പൂമണം ചാലിച്ച കാറ്റുകൾ 
എവിടെയെന്നക്ഷരമാലക്കുരുന്നുകൾ 
എവിടെയെൻ നാട്ടിൻ കിളിപ്പേച്ച് കവിതകൾ 

തലചീർത്തൊരുണ്ണികൾ ചിതറിക്കിടക്കുന്നൊ- 
രുരഗജന്മങ്ങളായിഴയുന്ന പൂഴിയിൽ 
ഇടവിട്ടുകേൾക്കാം മുറജപമെന്നപോൽ 
വിഷമഴപ്പെയ്ത്തിന്റെ രാസസങ്കീർത്തനം 

അഴികൾ തുരുമ്പിച്ച മനസ്സിന്റെ തടവിലായ് 
വിഷമുലപ്പാൽ പിഴിഞ്ഞലറുന്നൊരമ്മമാർ 
വാറ്റുദുഃഖം കുടിച്ചിന്ദ്രിയമഴിച്ചെടു- 
ത്താറ്റുകാൽ പൊങ്കാലയിടനെഞ്ചിലേറ്റിയോർ 

കത്തിമുൾമൂർച്ചയായ് കുത്തുന്ന കാഴ്ചകൾ 
ഓണമെത്തുമ്പോഴാരോർക്കുമെന്നാകിലും 
പറയാതെ വയ്യെന്റെ നെഞ്ചകമെരിക്കുന്ന 
ചുടുലാവയൊഴുകുന്നൊരാഗ്നേയനേരുകൾ 

നിത്യേനയഴുകുന്ന തൊലി, യോണക്കോടി, 
കണ്ണീരിൽ വേവിച്ച വിധിയോണസദ്യ 
കാണുവാനില്ലാത്തതായൊന്നു മാത്രം 
പൂവില്ലാ നാട്ടിലെ പൂക്കളച്ചേലുകൾ 

ഒടുവിൽ തിരികേ നടക്കേ മണല്ക്കാറ്റ് 
മരുഭൂമിയിൽ തീർത്തു വിസ്മയപ്പൂക്കളം 
വിഷമഴയിൽ തല ചീർത്തൊരുണ്ണിത്തലകളെ- 
വെട്ടിയറുത്തൊരു നിലവിളിപ്പൂക്കളം 

1 അഭിപ്രായം:

  1. but what is the condition of kerala today?
    I feel Marubhoomi is far better.
    Sir has compared it to our old Maveli Nadu right?.


    BUT POEM IS SUPER DUPER.
    HATS OFF.

    മറുപടിഇല്ലാതാക്കൂ