പ്രതീക്ഷ
മൃതിയിറ്റിവീഴുമീ
ജീവകോശങ്ങളില്‍
ചതിയുണ്ടു
ചെന്പിച്ച മൗനതീരങ്ങളില്‍
മരണവും
മാറാവ്യഥയും പടരുന്ന
മരുഭൂവിലേതഗ്നിപാശം
പ്രതീക്ഷയായ്
പാതാളമോളം
തിരഞ്ഞു തീണ്ടിക്കിത-
ച്ചാരായുമീ
മാധവത്തിന്റെ ചില്ലകള്‍
പൂക്കളെത്തേടി
തായ്‍വേരു തിരഞ്ഞിടെ-
യാര്‍ത്തഗ്രീഷ്മത്തില്‍
കരിഞ്ഞൂ പ്രതീക്ഷകള്‍
ആണവശ്രേണികിരണോര്‍ജ്ജവേഗങ്ങളില്‍
ആതിരാരാവിലും
രാസമഴ പെയ്യവേ
ആടിമേഘങ്ങളില്‍
ദുരിതം പുകഞ്ഞിടേ
മുണ്ഡിതശിരസ്കയായ്‍ത്തീര്‍ന്നൂ
പ്രതീക്ഷകള്‍
മക്കളെല്ലാം
ചത്തു പൊന്തുന്ന വേളയില്‍
അമ്മ തന്‍
നെഞ്ചു ചുരന്നോ പ്രതീക്ഷകള്‍
അന്ധദ്വയങ്ങള്‍
കുരുക്ഷേത്രഭൂമിയില്‍
അന്തിച്ചു നില്‍ക്കുന്ന
നോവോ പ്രതീക്ഷകള്‍
ഒറ്റച്ചിലന്പുമായ്
മുടികള്‍ പറിച്ചെറിഞ്ഞിരു-
മുലകള്‍
പിഴുതൊരാ കോപം പ്രതീക്ഷയോ
പെരുവിരലറുത്തെടുത്തോടും
ചതിക്കാല-
മുണരവേയുരുകുന്നൊരറിവും
പ്രതീക്ഷയോ
ഗാണ്ഡീവധാരിയാം
പാര്‍ത്ഥന്റെ മുന്നിലെ
തലയറ്റു
വീഴുന്ന കുഞ്ഞും പ്രതീക്ഷയോ
ശകാടാസുരന്‍
തിന്ന മകനോ പ്രതീക്ഷയായ്
പൂതനയൂട്ടുന്ന
വിഷമോ പ്രതീക്ഷയായ്
അഭിമന്യുവെക്കോര്‍ത്ത
ചതിയും പ്രതീക്ഷയോ
അടരിലെച്ചോരയും
ശവവും പ്രതീക്ഷയോ
കുടില്‍
കത്തിവേവുന്ന കുഞ്ഞിളം നിലവിളി
പുകയുന്നൊരമ്മതന്‍
നോവും പ്രതീക്ഷയോ..
പുലരിയില്‍
വാതിലില്‍ മുട്ടിയകത്തെത്തി-
തലതുളച്ചോടുന്ന
വെടിയും പ്രതീക്ഷയോ...
മാരീചമാംസം
കഴിച്ചെന്നു പാടിയെ-
ന്നച്ഛനെയിടിച്ച
തീക്കല്ലും പ്രതീക്ഷയോ...
കണ്ണുനീര്‍ഗ്രന്ഥികള്‍
പിഴിഞ്ഞുവാറ്റിക്കര-
ഞ്ഞമ്മ
സഹിക്കുന്ന ദുരിതം പ്രതീക്ഷയോ...
മരണം
പ്രതീക്ഷയോ...
വ്യഥയും
പ്രതീക്ഷയോ...
നിബിഡദുരിതങ്ങളില്‍-
ജനനം
പ്രതീക്ഷയോ...
ചിതറിയുടയുന്നന്ത്യവാക്കും
പ്രകാശവും
പുലരിയില്‍
പൂവായ് വിരിഞ്ഞൂ പ്രതീക്ഷയും.
എല്ലാ പ്രതീക്ഷകളും പൂവണിയുന്നില്ല. പക്ഷെ, പ്രതീക്ഷക്കു മരണമില്ല. പന്ത്രണ്ടു സംവത്സരങ്ങളിൽ ഒരു പ്രാവശ്യം മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പോലെയാണ് പ്രതീക്ഷകൾ. പതിനൊന്നു വർഷം അവയിൽ പച്ച ഇലകൾ മാത്രം കാണാം. പക്ഷെ, ആശ വെടിയാതെ കാത്തിരുന്നാൽ പന്ത്രണ്ടാം വർഷം അവ മനോഹരങ്ങളായ നീലപ്പൂക്കൾ വിരിയിച്ചു നിൽക്കുന്ന കാഴ്ച്ച കാണാം.
മറുപടിഇല്ലാതാക്കൂഅനീഷ് തൻറെ കവിതയിൽ നിരവധി നഷ്ട പ്രതീക്ഷകളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അവ വായിക്കുമ്പോൾ കവി ഒരു അശുഭവിശ്വാസിയാണോ എന്ന് സംശയിക്കുവാൻ സാധ്യതയുണ്ട്. പക്ഷെ, "പുലരിയിൽ പൂവായ് വിരിയും പ്രതീക്ഷകൾ" എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് കവിത അവസാനിപ്പിക്കുന്നത്. അസ്തമയത്തിനും,അന്ധകാരത്തിനും ശേഷം ഒരു പൊന്പുലരിയുദിക്കുമെന്നുള്ള ശുഭപ്രതീക്ഷ ആ വരിയിൽ തുളുമ്പി നിൽക്കുന്നു. ഈ മനോഭാവം തന്നെയാണ് നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കേണ്ടത്.കാറും, കോളും, ഇടിയും,മിന്നലും, ആർത്തലയ്ക്കുന്ന തിരമാലയും, മുന്നിൽ മഹാമേരുക്കളും ഈ ജീവിതത്തിൽ ഉണ്ടെങ്ക്കിലും, അവക്കപ്പുറം നീല വിഹായസ്സും, ഉദയസൂര്യനും,നിലാവൊളിതൂകുന്ന ചന്ദ്രനുമെല്ലാം ഉണ്ടെന്നുള്ളതു വിസ്മരിക്കരുത്. ഒപ്പം, അനേകരിൽ നിന്ന് പകർന്നു കിട്ടുന്ന സ്നേഹവും നമ്മുടെ പ്രതീക്ഷകളെ തളിരണിയിക്കുന്നു. അതിനാൽ, പ്രതീകൾ അമർത്യമാണ്.
ഇനിയും പല നല്ല കവിതകൾ ഈ കവിയിൽനിന്ന് ലഭിക്കട്ടെയെന്നു ആഗ്രഹിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.